ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 26, വെള്ളിയാഴ്‌ച

സോളാര്‍ തട്ടിപ്പെന്ന നാണക്കേടില്‍ നിന്ന് കേരളത്തിനു ഒഴിവാകാന്‍ പറ്റുമായിരുന്നോ ?

ഈ വര്‍ഷം കേരളത്തില്‍ പതിവില്‍ കൂടിയ മഴ കിട്ടിയ ഒരു കാലമാണ് എങ്കില്‍ കൂടി അതിന്‍റെ കുളിരും തണുപ്പും അത്ര കാണാനില്ല എന്നതാണ് സ്ഥിതി എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്.

സൂര്യ കിരണങ്ങളുടെ ചൂടും ഉശിരും പിടിച്ചെടുത്തു കാശുകിട്ടുന്ന ഊര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന യന്ത്രങ്ങള്‍ കേരളമൊട്ടാകെ വില്പന നടത്താന്‍ ശ്രമം നടത്തി അതില്‍ കൂടി കോടികള്‍ തട്ടിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ പങ്കാളി ആയ ഒരു സുന്ദരി സിനിമാ സീരിയല്‍ നടിയും കേരളത്തെ ആകമാനം ചൂടാക്കി കൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്‌.

ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ കാണുക [ വാര്‍ത്ത ഒന്ന് , വാര്‍ത്ത‍ രണ്ടു, വാര്‍ത്ത മൂന്നു ]

സൌരോര്‍ജ പാനലുകള്‍ ഇന്നത്തെ കാലത്തെ ഒരു സാങ്കേതിക വിപ്ലവം എന്ന് തന്നെ പറയാം. വരും കാലങ്ങളില്‍ നമുക്ക് കൂടുതല്‍ കൂടുതല്‍ ആയി വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാന്‍ സാധ്യത ഉള്ള ഒരു യന്ത്ര സാമഗ്രി എന്ന് വേണമെങ്കില്‍ കണക്കാക്കാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി ഇങ്ങനെയുള്ള വൈദ്യുതി ഉല്പാദന സംരംഭങ്ങളെ പല തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നു എന്നതില്‍ ആരും തെറ്റ് കാണുന്നില്ല. സര്‍ക്കാരിന്‍റെ പ്രോത്സാഹനം ഇപ്പോള്‍ സബ്സിഡി ആയിട്ടാണ് നടക്കുന്നത് എന്ന് പറയപ്പെടുന്നു.

അതായത് ഒരുലക്ഷം രൂപ മുടക്കി സോളാര്‍ സിസ്റ്റം സ്ഥാപിച്ചാല്‍ സര്‍ക്കാര്‍ ഏകദേശം പകുതി പണം സബ്സിഡി ആയി തിരിച്ചു നല്‍കും. സര്‍ക്കാരില്‍ നിന്ന് അത് കിട്ടാനായി എവിടൊക്കെ കറങ്ങണം എന്നതു വേറെ കാര്യം.

വൈദ്യുതിക്ക് മഴയും അതില്‍ക്കൂടി ഡാമില്‍ നിറയുന്ന വെള്ളവും മാത്രം ആശ്രയമായുള്ള  കേരളം കുറെ കാലം മുമ്പു വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. എന്നാല്‍ വിദേശനാണയവും അതില്‍ക്കൂടി പെരുകിയ ഉപഭോഗ സംസ്കാരവും വൈദ്യുതി ആവശ്യങ്ങളെ കേരളത്തില്‍ വര്‍ദ്ധിപ്പിച്ചു. അതിനൊത്ത് വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അപ്പോള്‍ കേരളം ഒരു വൈദ്യുതി ക്ഷാമ പ്രദേശമായി മാറി.

പവര്‍ കട്ടും പവര്‍ ഫേലിയറും കേരളത്തില്‍ പതിവായതോടെ മറ്റു മാര്‍ഗങ്ങളെ പറ്റി കാശുള്ള മലയാളികള്‍ ആലോചിക്കാന്‍ തുടങ്ങി. അങ്ങനെയാണ്  സോളാര്‍ പാനല്‍ ബിസിനെസ്സ്‌  എന്ന ഐഡിയ കേരളത്തില്‍ വെരൂന്നിയത്.

സോളാര്‍ പാനല്‍ വെയിലില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കും. ആ വൈദ്യുതി ബാറ്റെറി ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കും. വൈകുന്നേരവും രാത്രിയിലും ബാറ്റെറിയില്‍ നിന്നും വൈദ്യതി ഇന്‍വേര്‍ട്ടര്‍ വഴി വീടുകളിലെ ലൈറ്റും ഫാനും ഒക്കെ പ്രവര്‍ത്തിപ്പിക്കും. രാത്രിയില്‍ മാത്രമല്ല പവര്‍ കട്ട് ഉള്ള സമയങ്ങളിലും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പോലും വൈദ്യുതി ബോര്‍ഡിന്‍റെ കറന്‍റ് കിട്ടാതായപ്പോഴാണ്‌ ഈ സോളാര്‍ പദ്ധതിയ്ക്ക് ആവശ്യക്കാര്‍ കൂടിയത്.

ചെറിയ വീട്ടാവശ്യങ്ങള്‍ക്ക്  മാത്രമല്ല കുറെ വലിയ കച്ചവട ആവശ്യങ്ങള്‍ക്ക് പോലും ഉതകുന്ന തരത്തില്‍ വലിയ പാനലുകളും വലിയ ബാറ്ററി സിസ്റ്റെങ്ങളും വാങ്ങാന്‍ അപ്പോള്‍ ആളുകള്‍ ആലോചിച്ചു തുടങ്ങി.

സോളാര്‍ പാനല്‍ സപ്ലൈ വേണമെങ്കില്‍ അഡ്വാന്‍സ്‌ കാശ് കൊടുത്ത് ബുക്ക്‌ ചെയ്യേണ്ട സ്ഥിതി വരെ ആയി കാര്യങ്ങള്‍. മുടക്ക് മുതലിന്‍റെ പകുതിയോളം സര്‍ക്കാര്‍ സബ്സിഡി ആയി തിരികെ കിട്ടും എന്നത് മറ്റൊരു വലിയ ആകര്‍ഷണമായി. സബ്സിഡി സര്‍ക്കാരില്‍ നിന്നും  വാങ്ങി കൊടുക്കുന്ന ഉത്തരവാദിത്വം സോളാര്‍ പാനല്‍ കമ്പനി തന്നെ ഏറ്റെടുത്താല്‍ അതൊരു ചെറിയ കാര്യമല്ല. വലിയ കാര്യം തന്നെ ആണ്.

വിദേശനാണയവും റബ്ബര്‍ തോട്ട വരുമാനവും ബാങ്കില്‍ കിടന്നു പെരുകി പണത്തിനു വലിയ വിലയില്ലാതായ അനേകം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ കേരളത്തില്‍ ധാരാളം. ഫാനും എ സി യും ഇല്ലെങ്കില്‍ പണ്ടൊക്കെ പ്രയസമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള പരിചയം കുറഞ്ഞു പോയിരിക്കുന്നു. കൂടാതെ കേരളത്തില്‍ ചൂട്‌ പതിവിലും കൂടി യിരിക്കുന്നു. അപ്പൊ പിന്നെ എത്ര കാശ് ചിലവായാലും വേണ്ടില്ല, കറന്‍റ് കിട്ടാന്‍ എന്ത് കുന്ത്രാണ്ടവും പിടിപ്പിക്കാന്‍ കാശുള്ളവര്‍ക്ക് മടിയില്ലാതെ ആയി.

ഈയൊരു അന്തരീക്ഷമാണ് സോളാര്‍ പാനല്‍ തട്ടിപ്പിന് വഴിയൊരുക്കിയത് എന്ന് വേണമെങ്കില്‍ കരുതാം. പല പല ചെറു കമ്പനികള്‍ വന്ന കൂട്ടത്തില്‍ നമ്മുടെ മേല്പറഞ്ഞ  തട്ടിപ്പുകാരും ഒരു സോളാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു.

കമ്പനിയ്ക്ക് ആധികാരിതയും വിശ്വാസ്യതയും കൂട്ടാന്‍ സിനിമാ താരങ്ങളെയും മന്ത്രിമാരെയും കൂട്ട് പിടിക്കാതെ തരമില്ലല്ലോ. കാശ് ബാങ്കുകളില്‍ കൂടി കിടന്ന പല വല്യപ്പന്മാരും അമ്മച്ചിമാരും ഒക്കെ ഒരു മടിയും കൂടാതെ ലക്ഷങ്ങള്‍ കൊടുത്ത് കമ്പനിയുടെ സോളാര്‍ യന്ത്രങ്ങള്‍ ബുക്ക്‌ ചെയ്തു കാണണം. അങ്ങനെ കുറെപ്പേരുടെ പണം കമ്പനി നടത്തിപ്പുകാര്‍ മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു എന്ന് വേണം കരുതാന്‍. അപ്പോള്‍ പിന്നെ പറഞ്ഞ സമയത്ത് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയില്ലല്ലോ.

ഇതൊരു തട്ടിപ്പ്‌ ആണോ അതോ നല്ല ഉദ്ദേശത്തില്‍ ആരംഭിച്ച ഒരു ബിസിനസ് അകാലത്തില്‍ പൊട്ടി പോയതാണോ ?

നാട്ടുകാരുടെ പണം പറഞ്ഞ കാര്യത്തില്‍ നിന്നും മാറ്റി മറിച്ചത് ഏതായാലും നല്ല ഉദ്ദേശത്തില്‍ ആയിരിക്കില്ല. പിന്നെ പണം മുടക്കിയവര്‍ ഒന്നും തന്നെ പെട്ടെന്നൊന്നും പരാതിയുമായി പോകാന്‍ വഴിയില്ല എന്ന കാര്യം അവരെ നന്നായി മനസ്സിലാക്കിയ ഈ കമ്പനി നടത്തിപ്പുകാര്‍ക്ക് അറിയാമായിരുന്നു എന്നും കരുതാം. ആരെങ്കിലും പരാതിയുമായി പോയാല്‍ തന്നെ അവരെ സര്‍ക്കാര്‍ ബന്ധം പറഞ്ഞു വായടപ്പിക്കാം എന്ന ഒരു വിശ്വാസവും ഇവര്‍ക്ക് ഉണ്ടായിരുന്നു എന്ന് കരുതണം.

അധികാരത്തില്‍ ഇരിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ട ഒരു കാര്യമാണിത്. ബിസിനസ്കാര്‍ പ്രോത്സാഹിക്കപ്പെടുക തന്നെ വേണം. എന്നാല്‍ തട്ടിപ്പുകാര്‍ മുതലെടുക്കുകയും അരുത്.

വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണിത്‌. അതിനാണ് സര്‍ക്കാരിനു അതൊക്കെ ചെയ്യാനുള്ള ഉദ്യോഗസ്ഥ വൃന്ദമുള്ളത്. അത് കാര്യക്ഷമമായി ഉപയോഗിക്കാതെ തന്നെത്താന്‍ കൈകാര്യം ചെയ്യാന്‍ പോയാല്‍ ചിലപ്പോ ഇപ്പോള്‍ പറ്റിയ പോലെ ഒക്കെ ആയെന്നു വരും.

സംശയകരമായ പിന്‍കാല ചരിത്രമുള്ള ഒരു പുരുഷനും സ്ത്രീയും കൂടി വളരെ എളുപ്പത്തില്‍ ഇങ്ങനെ ഒക്കെ കേരളത്തില്‍ കാട്ടി കൂട്ടിയെന്നത് നാണക്കേട് അല്ലെങ്കില്‍ പിന്നെ എന്താണ്? നിറം മങ്ങാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ചില നേതാക്കളും കൂടി അതില്‍ നാറിപ്പോകുന്നത് കാണുമ്പോള്‍ ദുഖിക്കാതെ എന്തു ചെയ്യും ?  




2013, ജൂലൈ 25, വ്യാഴാഴ്‌ച

ആറന്‍മുള വിമാനത്താവളം പണിയുന്നതിനു പാര പണിയുന്നത് എന്തിനാ നേതാക്കളേ ?

ഒരു മൂന്നു നാല് പതിറ്റാണ്ട് മുമ്പ്‌ ഇലന്തൂര്‍ക്കാര്‍ അധികമൊന്നും വിമാനമെന്ന അത്ഭുത സാധനം അടുത്തു കാണാന്‍ ഇടയില്ല. അന്നും ഇലന്തൂര്‍ക്കാര്‍ ചിലരൊക്കെ സിങ്ങപ്പൂരിലും പേര്‍ഷ്യയിലും ഒക്കെ പോയി ജോലി ചെയ്തിരുന്നു. പത്തേമാരിയിലും കപ്പലിലും ഒക്കെ ദിവസങ്ങളും മാസങ്ങളും യാത്ര ചെയ്യേണ്ടി വന്നിരുന്ന കാര്യം പഴയ ആള്‍ക്കാര്‍ ഓര്‍ക്കുന്നുണ്ടാവണം.

എന്നാല്‍ ഇന്ന് അതല്ലല്ലോ സ്ഥിതി.


ഇലന്തൂര്‍ക്കാരും അവരുടെ കൂട്ടാളികളായ മദ്ധ്യ തിരുവിതാംകൂര്‍ ദേശക്കാരിലും  വിദേശ ബന്ധം ഇല്ലാത്ത ഭവനങ്ങള്‍ അധികമൊന്നും ഇല്ല എന്ന രീതിയില്‍ ആയിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി.


ഇന്ന് ഗള്‍ഫിലെ മലയാളി മൂന്നു നാലു മണിക്കൂറുകള്‍ക്കകം വിമാനത്തില്‍ കേരളത്തില്‍ എത്തും. പക്ഷെ അത് തിരുവന്തപുരത്തോ ആലുവയിലോ മലപ്പുറത്തോ ഒക്കെ ആയിരിക്കുമെന്നു മാത്രം. കാശുണ്ടെങ്കില്‍ നല്ല ഒരു കാര്‍ അടിച്ചു വിട്ടു മൂന്നാലു മണിക്കൂറുകള്‍ക്കകം തിരുവല്ലാ-കൊഴെന്‍ചേരി-ഇലന്തൂര്‍-പത്തനംതിട്ട ദേശക്കാര്‍ക്ക്, അതായത് പത്തനംതിട്ട ആലപ്പുഴ ജില്ല ക്കാര്‍ക്ക് കുറച്ചു നാള്‍ മുമ്പ് വരെ വീട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നു.


എന്നാല്‍ ഇന്നോ ?


റോഡ്‌ ബ്ലോക്കും ട്രാഫിക്കും ഒക്കെ കാരണം ധന നഷ്ടവും സമയ നഷ്ടവും ഒക്കെ ദിനം പ്രതി കൂടി വരുന്ന അവസ്ഥ ആയിരിക്കുന്നു.


അപ്പോള്‍ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം മദ്ധ്യ തിരുവിതാംകൂറില്‍ വന്നെങ്കില്‍ എന്ന് അതിന്‍റെ ഇല്ലായ്മയുടെ വിഷമതകള്‍ അറിഞ്ഞ മലയാളി ആഗ്രഹിച്ചു പോയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.


എന്നാല്‍ ഒരു റോഡ്‌ പോലും ഒരു ദശകത്തില്‍ നല്ല പോലെ പണിഞ്ഞു കൊടുക്കാന്‍ പറ്റാത്ത ഒരു സര്‍ക്കാര്‍ ആണ് ഇന്ത്യയില്‍ എന്ന് അറിയാത്ത ഒരു ഇന്ത്യക്കാരനും കാണില്ല. അപ്പോള്‍ ആ സര്‍ക്കാര്‍ ഒരു നാട്ടിന്‍ പുറത്തു വിമാന ത്താവളം പണിഞ്ഞു തരുമെന്നു ഒരുത്തരും കരുതി കാണില്ല.


ഒന്നാലോചിച്ചാല്‍ ഈ മദ്ധ്യ തിരുവിതാംകൂര്‍ ദേശത്തു വിമാനത്താവളം പോയിട്ട് ഒരു ചെറിയ ചന്ത പണിയാനുള്ള സ്ഥലം പോലും കിട്ടുകയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത് ? കേരളത്തിനു വെളിയില്‍ സര്‍ക്കാരുകള്‍ പാവങ്ങളെ അടിച്ചിറക്കി ഭൂമി ഏറ്റെടുക്കുന്നതു പോലെയൊന്നും മദ്ധ്യ തിരുവിതാം കൂറില്‍ നടപ്പില്ല. നിരപ്പായ വെളി പ്രദേശം എന്നത് വെള്ളം കയറി കിടക്കുന്ന നിലം പ്രദേശങ്ങള്‍ മാത്രം. അല്ലങ്കില്‍ ചില കുന്നും പ്രദേശങ്ങള്‍. മറ്റുള്ള സ്ഥലങ്ങള്‍ ചന്തമുള്ള ആധുനിക കെട്ടിടങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.


വസ്തുതകള്‍ അങ്ങനെ ആയിരിക്കെ ഒരു നാരങ്ങാനം അച്ചായന്‍ അമേരിക്കയില്‍ നിന്ന് സ്വരുക്കൂട്ടിയ തന്‍റെ സ്വന്തം സമ്പാദ്യം കൊണ്ട്  കൊഴെന്‍ചെരിക്കും ആറന്‍മുളക്കും ഇടയില്‍ വെറുതെ കിടന്നിരുന്ന നൂറില്‍ പരം ഏക്കര്‍ നെല്‍ പാടങ്ങള്‍ തന്‍റെ ഒരു സ്വപ്ന പദ്ധതിക്ക് വേണ്ടി വാങ്ങിക്കൂട്ടിയത് ഒരു വലിയ അപരാധം ആയി എന്ന് പറയാന്‍ പറ്റില്ല.


അതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി കാണുമല്ലോ. സ്വന്തം കാശ് മുടക്കിയാലും ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഒന്നും സാധ്യമല്ല. സര്‍ക്കാര്‍, എന്നുവച്ചാല്‍ , രാഷ്ട്രീയ മേധാവികളും ഉദ്യോഗസ്ഥ മേധാവികളും അങ്ങനെ പല തരാം മേധാവികളും കനിയണം. അവരൊക്കെ അങ്ങനെ ചുമ്മാതെ കനിയത്തില്ല എന്നതും ഇതിനോടകം നമുക്കൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ.


ഉടക്കിട്ടു വേട്ടയാടുന്നതു പോലെ ഒരു കളിയാണ് ഇതൊക്കെ. അങ്ങനെ തോന്നുന്നില്ലേ ?


ഏതായാലും നാരങ്ങാനം അച്ചായന്‍ കാശും സമയോം മാനോം കളഞ്ഞു തെക്ക് വടക്ക് ഓടി നടന്നിട്ട് കാര്യമായൊന്നും നടന്നില്ല. പല പ്രാവശ്യം പല തരം അനുവാദങ്ങള്‍ നേടി നാട്ടുകാര്‍ക്കും നേതാക്കള്‍ക്കും അനുകൂലിച്ചും എതിര്‍ത്തും സംഘടിക്കാന്‍ അവസരം ഒരുക്കി എന്നത് മാത്രം മിച്ചം. വെള്ളം കെട്ടി കൃഷിയിറക്കാതെ പുല്ലും കളയും വളര്‍ന്നു കിടന്ന പാട ശേഖരത്തില്‍ കുറെ മണ്ണ് കൂടി ഇട്ടു നിരത്തി പുല്ലു പോലും കിളിര്‍ക്കാത്ത പരുവത്തില്‍ ആക്കിയെടുത്തത് ആണ് ഇതിനോടകം നടന്ന ഏക താവളപ്പണി.


സാധാരണ ഗതിയില്‍ നാട്ടുകാര്‍ വികസനം വികസനം എന്ന് മുറവിളി കൂട്ടുകയാണ് പതിവ്. എന്നാല്‍ കാലം കുറെ ചെന്നപ്പോള്‍ ആറന്മുളയില്‍ കാര്യം വേറെ ആയി. അവിടത്തുക്കാര്‍ക്ക് നസ്രാണി അച്ചായന്‍റെ സ്വകാര്യ വിമാനത്താവളമെന്ന പരിപാടി സുഖിക്കാതെ ആയി. അച്ചായന് എല്ലാവരെയും വണങ്ങി പ്രീതിപ്പെടുത്താന്‍ കഴിഞ്ഞു കാണില്ലായിരിക്കാം. അപ്പോള്‍ അച്ചായന്‍ കുറെ നാട്ടു പ്രമാണി മാരെ ക്കൂടി താവള കമ്പനിയില്‍ ഡയരക്ടര്‍മാര്‍ ആക്കി. അപ്പോള്‍ താവളത്തെ എതിര്‍ത്താല്‍ ചില ഗുണം കിട്ടുമെന്ന് മറ്റുള്ളവര്‍ക്ക് കൂടി മനസ്സിലായി.


കേരളത്തിലെ കഴിഞ്ഞ തവണത്തെ ഇടതു മുഖ്യ മന്ത്രി താവളം പണിയാന്‍ വെള്ളക്കൊടി കാട്ടിയപ്പോള്‍ പലരും വിചാരിച്ചതു അധികം താമസിയാതെ ആറന്മുളയുടെ മീതെ ബോയിങ്ങും എയര്‍ ബസും ഒക്കെ വട്ടമിടുന്ന കാലം എത്തി പ്പോയി എന്നാണു. അന്നാല്‍ ആ മുഖ്യന്‍ പ്രതിപക്ഷത്തായപ്പോ കാലു തിരിച്ചു ചവിട്ടുമെന്നു പലരും കരുതിയില്ല എന്ന് വേണം കരുതാന്‍.


എന്നാല്‍ അതും നടന്നു. നാരങ്ങാനം അച്ചായന് പ്രായം കൂടി കൂടി വരുന്നു. അദ്ദേഹം താവളം പണി എന്ന തന്‍റെ സ്വപ്ന പദ്ധതിയില്‍ നിന്ന് വിരമിക്കാന്‍ അവസാനം തീരുമാനം എടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.


അങ്ങനെ ആണ് ഇലന്തൂരില്‍ വേരുള്ള ഒരു ചെന്നൈ കമ്പനി അതിലും വലിയ ചില കമ്പനികളുടെ ഒത്താശയോടെ ആറന്മുളയിലെ ഈ സംരംഭം നാരങ്ങാനം അച്ചായനില്‍ നിന്നും ഏറ്റെടുത്തത്. ആ ഏറ്റെടുപ്പിന്‍റെ ഗുലുമാലുകള്‍ അവിടെ നിക്കട്ടെ. അതില്‍ നമുക്ക് വലിയ കാര്യം ഒന്നുമില്ല.


ഈ സമയമാണ് കേരളത്തിലെ തല്ക്കാല വലതു സര്‍ക്കാര്‍ ആറന്മുള വിമാനത്താവളമെന്ന സംരംഭത്തില്‍ പേരിനെങ്കിലും ഒരു പങ്കാളിത്തമെടുത്തു പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിക്കുന്നത്. അവിടവിടെ എതിര്‍പ്പ് കാര്‍ ബഹളം വച്ചെങ്കിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു പക്ഷെ അമേരിക്കയിലെയും ഗള്‍ഫിലെയും ഒക്കെ തിരുവിതാംകൂറുകാര്‍ സന്തോഷിച്ചിരിക്കാം.


അപ്പൊ ദാ, ഒരു പറ്റം ജന പ്രതിനിധികള്‍ എതിര്‍പ്പുമായി എത്തിയിരിക്കുന്ന വാര്‍ത്തകള്‍ വരുന്നു. അവരില്‍ ഇടതും വലതും ഉണ്ട് എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു. നാട്ടില്‍ ഒരു നല്ല കാര്യം ചെയ്യിക്കാന്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ പറ്റിയിട്ടില്ല. അത് പോട്ടെ. ഒരു നല്ല കാര്യം ചെയ്യാന്‍ സമ്മതിക്കുകയും ഇല്ലെന്നു വന്നാല്‍ എന്ത് ചെയ്യും ? ഇവരെ ഇങ്ങനെ ഒടക്കിടാനാണോ ജനങ്ങള്‍ തെരഞ്ഞെടുത്തു വിടുന്നത് ?


പരിസ്ഥിതി പ്രശ്നമെന്ന അറിഞ്ഞുകൂടാത്ത കാര്യം പറഞ്ഞു എന്തിനും ഓടക്കാം എന്നത് ഒരു നല്ല കാര്യമല്ല. അങ്ങനെ വിചാരിച്ചാല്‍ കാട്ടില്‍ തുണിയില്ലാതെ ജീവിക്കുന്നതായിരിക്കും ഏറ്റവും അഭിലഷണീയമായത്.


പക്ഷേ, പരിസ്ഥിതി പ്രശ്നമല്ല ശരിയായ കാരണം. ആറന്മുളയില്‍ കാടും വനവും ഒന്നുമില്ലല്ലോ. കാട് പോലെയുള്ള നാട്. ആ നാടന്‍ കാടുകളില്‍ അവിടവിടെ പലരുടെയും വീടുകളും പറമ്പുകളും. കുറെ ഏക്കര്‍ താവളത്തിനായി വാങ്ങിയ സ്ഥലമുണ്ട്. അതുകൊണ്ട് മാത്രം വിമാനത്താവളം പ്രവര്‍ത്തിക്കാനാകില്ല. അപ്പോള്‍ അവിടവിടെ യായി കുറെക്കൂടിയൊക്കെ സ്ഥലങ്ങള്‍ അക്ക്വയര്‍ ചെയ്യേണ്ടിവരും. ചിലരുടെയൊക്കെക്കൂടി  വീടും പറമ്പും പോയെന്നിരിക്കും. അതിനുപരി മറ്റു ചിലരുടെ സ്ഥലങ്ങള്‍ക്ക് പല തരത്തിലുള്ള സാധ്യതകള്‍ തെളിഞ്ഞു എന്നും വരാം. ചിലര്‍ക്ക് കൂടുതല്‍ പ്രയോജനം. ചിലര്‍ക്ക് അതില്ല. അപ്പോള്‍ അനുകൂലവും പ്രതികൂലവുമായ നിലപാടുകള്‍ നാട്ടുകാരില്‍ തന്നെ വന്നെന്നിരിക്കും.

എന്നാല്‍ ഇത് വിമാനത്താവളത്തിന്‍റെ മാത്രം കാര്യമല്ല. ഇന്ന് ഇന്ത്യയില്‍ ഏതുതരം പൊതു പദ്ധതികളും അഭിമുഖീകരിക്കുന്ന പ്രശ്നം. പൊതുവായി എല്ലാവര്‍ക്കും പ്രയോജനം വരുന്ന രീതിയില്‍ കാര്യങ്ങളെ രൂപകല്‍പന ചെയ്യാന്‍ വിമുഖത കാണിക്കുന്ന നേതാക്കളും സാങ്കേതികരും ഉദ്യോഗസ്ഥ പ്രമുഖരും വിരാജിക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെ ഒക്കെ ആയാല്‍ അതില്‍ അതിശയം എന്തിരിക്കുന്നു? ഇനി പത്ര മാധ്യമങ്ങളുടെ കാര്യമോ ? കാര്യങ്ങളുടെ വാസ്തവ സ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ബാധ്യത ഉള്ള അവര്‍ ചെയ്യുന്നത് പക്ഷേ അര്‍ത്ഥ സത്യങ്ങളും വാസ്തവ വിരുദ്ധതകളും പുറത്തു വിട്ടു ജനങ്ങളെ ഇളക്കി അവരുടെ ചന്ത വില കൂട്ടാനും വരുമാനം കൂട്ടാനും മാത്രമാണ് എന്ന് കരുതണം. 

വലതന്‍ ഓക്കെ പറഞ്ഞാല്‍ ഇടതന്‍ ഒടക്കും. ഇടതന്‍ ഓക്കെ പറഞ്ഞാല്‍ വലതന്‍ ഒടക്കും. വലതനും ഇടതനും ഓക്കെ പറഞ്ഞാല്‍ അകത്തൂന്നെ ഒടക്കും. ഒടക്കാതിരിക്കണേ ഒറ്റ വഴി മാത്രം. ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം ! പണമില്ലേ മറ്റു ചിലതായാലും മതി. എങ്ങനെ ഇരിക്കുന്നു കാര്യങ്ങളുടെ കിടപ്പ് ?


വിമാന താവളം ആറന്മുളയില്‍ നമുക്കങ്ങു വേണ്ടെന്നു വയ്ക്കാം. മണ്ണിട്ട്‌ മൂടിയ ആ സ്ഥലം എന്ത് ചെയ്യും ? 
സിന്ഗൂരില്‍ ടാറ്റയെ പണി പകുതി കഴിഞ്ഞപ്പോ ഓടിച്ച പോലെ ആകും കാര്യങ്ങള്‍.

ഒടക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ മൌലിക അവകാശം എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു പഴയ വിപ്ലവകാരിയും ഇപ്പോഴത്തെ ഒരു സാമൂഹ്യ പ്രവര്‍ത്തകനും ആയ ഒരാള്‍ ടി വി ചാനല്‍ ഷോ യില്‍ തുറന്നടിച്ചത് . അതില്‍  അക്രമാസക്തമാകുന്നതും നല്ല കാര്യം എന്നാണു അദ്ദേഹം പറഞ്ഞത്. അതിനെ പിന്താങ്ങുന്ന ചെറു തലമുറയിലെ കുട്ടികളെയും അതില്‍ കാണാനായി. 


എല്ലാവരും എല്ലാവരുടെയും രീതിയില്‍ ശരിയായിരിക്കാം. എന്നാല്‍ എല്ലാവരും എല്ലാവര്‍ക്കും ശരിയായ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ശീലിക്കുന്നത് ആയിരിക്കും എല്ലാവര്‍ക്കും നല്ലത്.

തീയില്‍ ജീവിതം ഹോമിക്കാന്‍ വെമ്പുന്ന ഇയ്യാം പാറ്റകളെ പോലെ ആവരുത് മനുഷ്യ ജീവിതം ! അതില്‍ ഒരു കുഴപ്പവുമില്ല എന്ന് പറയുകയം അതുപോലെ പ്രവര്‍ത്തിക്കയും ചെയ്യുന്നവര്‍ ധാരാളം കാണുമെങ്കില്‍ പോലും !