ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 26, വെള്ളിയാഴ്‌ച

സോളാര്‍ തട്ടിപ്പെന്ന നാണക്കേടില്‍ നിന്ന് കേരളത്തിനു ഒഴിവാകാന്‍ പറ്റുമായിരുന്നോ ?

ഈ വര്‍ഷം കേരളത്തില്‍ പതിവില്‍ കൂടിയ മഴ കിട്ടിയ ഒരു കാലമാണ് എങ്കില്‍ കൂടി അതിന്‍റെ കുളിരും തണുപ്പും അത്ര കാണാനില്ല എന്നതാണ് സ്ഥിതി എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്.

സൂര്യ കിരണങ്ങളുടെ ചൂടും ഉശിരും പിടിച്ചെടുത്തു കാശുകിട്ടുന്ന ഊര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന യന്ത്രങ്ങള്‍ കേരളമൊട്ടാകെ വില്പന നടത്താന്‍ ശ്രമം നടത്തി അതില്‍ കൂടി കോടികള്‍ തട്ടിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ പങ്കാളി ആയ ഒരു സുന്ദരി സിനിമാ സീരിയല്‍ നടിയും കേരളത്തെ ആകമാനം ചൂടാക്കി കൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്‌.

ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ കാണുക [ വാര്‍ത്ത ഒന്ന് , വാര്‍ത്ത‍ രണ്ടു, വാര്‍ത്ത മൂന്നു ]

സൌരോര്‍ജ പാനലുകള്‍ ഇന്നത്തെ കാലത്തെ ഒരു സാങ്കേതിക വിപ്ലവം എന്ന് തന്നെ പറയാം. വരും കാലങ്ങളില്‍ നമുക്ക് കൂടുതല്‍ കൂടുതല്‍ ആയി വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാന്‍ സാധ്യത ഉള്ള ഒരു യന്ത്ര സാമഗ്രി എന്ന് വേണമെങ്കില്‍ കണക്കാക്കാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി ഇങ്ങനെയുള്ള വൈദ്യുതി ഉല്പാദന സംരംഭങ്ങളെ പല തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നു എന്നതില്‍ ആരും തെറ്റ് കാണുന്നില്ല. സര്‍ക്കാരിന്‍റെ പ്രോത്സാഹനം ഇപ്പോള്‍ സബ്സിഡി ആയിട്ടാണ് നടക്കുന്നത് എന്ന് പറയപ്പെടുന്നു.

അതായത് ഒരുലക്ഷം രൂപ മുടക്കി സോളാര്‍ സിസ്റ്റം സ്ഥാപിച്ചാല്‍ സര്‍ക്കാര്‍ ഏകദേശം പകുതി പണം സബ്സിഡി ആയി തിരിച്ചു നല്‍കും. സര്‍ക്കാരില്‍ നിന്ന് അത് കിട്ടാനായി എവിടൊക്കെ കറങ്ങണം എന്നതു വേറെ കാര്യം.

വൈദ്യുതിക്ക് മഴയും അതില്‍ക്കൂടി ഡാമില്‍ നിറയുന്ന വെള്ളവും മാത്രം ആശ്രയമായുള്ള  കേരളം കുറെ കാലം മുമ്പു വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. എന്നാല്‍ വിദേശനാണയവും അതില്‍ക്കൂടി പെരുകിയ ഉപഭോഗ സംസ്കാരവും വൈദ്യുതി ആവശ്യങ്ങളെ കേരളത്തില്‍ വര്‍ദ്ധിപ്പിച്ചു. അതിനൊത്ത് വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അപ്പോള്‍ കേരളം ഒരു വൈദ്യുതി ക്ഷാമ പ്രദേശമായി മാറി.

പവര്‍ കട്ടും പവര്‍ ഫേലിയറും കേരളത്തില്‍ പതിവായതോടെ മറ്റു മാര്‍ഗങ്ങളെ പറ്റി കാശുള്ള മലയാളികള്‍ ആലോചിക്കാന്‍ തുടങ്ങി. അങ്ങനെയാണ്  സോളാര്‍ പാനല്‍ ബിസിനെസ്സ്‌  എന്ന ഐഡിയ കേരളത്തില്‍ വെരൂന്നിയത്.

സോളാര്‍ പാനല്‍ വെയിലില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കും. ആ വൈദ്യുതി ബാറ്റെറി ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കും. വൈകുന്നേരവും രാത്രിയിലും ബാറ്റെറിയില്‍ നിന്നും വൈദ്യതി ഇന്‍വേര്‍ട്ടര്‍ വഴി വീടുകളിലെ ലൈറ്റും ഫാനും ഒക്കെ പ്രവര്‍ത്തിപ്പിക്കും. രാത്രിയില്‍ മാത്രമല്ല പവര്‍ കട്ട് ഉള്ള സമയങ്ങളിലും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പോലും വൈദ്യുതി ബോര്‍ഡിന്‍റെ കറന്‍റ് കിട്ടാതായപ്പോഴാണ്‌ ഈ സോളാര്‍ പദ്ധതിയ്ക്ക് ആവശ്യക്കാര്‍ കൂടിയത്.

ചെറിയ വീട്ടാവശ്യങ്ങള്‍ക്ക്  മാത്രമല്ല കുറെ വലിയ കച്ചവട ആവശ്യങ്ങള്‍ക്ക് പോലും ഉതകുന്ന തരത്തില്‍ വലിയ പാനലുകളും വലിയ ബാറ്ററി സിസ്റ്റെങ്ങളും വാങ്ങാന്‍ അപ്പോള്‍ ആളുകള്‍ ആലോചിച്ചു തുടങ്ങി.

സോളാര്‍ പാനല്‍ സപ്ലൈ വേണമെങ്കില്‍ അഡ്വാന്‍സ്‌ കാശ് കൊടുത്ത് ബുക്ക്‌ ചെയ്യേണ്ട സ്ഥിതി വരെ ആയി കാര്യങ്ങള്‍. മുടക്ക് മുതലിന്‍റെ പകുതിയോളം സര്‍ക്കാര്‍ സബ്സിഡി ആയി തിരികെ കിട്ടും എന്നത് മറ്റൊരു വലിയ ആകര്‍ഷണമായി. സബ്സിഡി സര്‍ക്കാരില്‍ നിന്നും  വാങ്ങി കൊടുക്കുന്ന ഉത്തരവാദിത്വം സോളാര്‍ പാനല്‍ കമ്പനി തന്നെ ഏറ്റെടുത്താല്‍ അതൊരു ചെറിയ കാര്യമല്ല. വലിയ കാര്യം തന്നെ ആണ്.

വിദേശനാണയവും റബ്ബര്‍ തോട്ട വരുമാനവും ബാങ്കില്‍ കിടന്നു പെരുകി പണത്തിനു വലിയ വിലയില്ലാതായ അനേകം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ കേരളത്തില്‍ ധാരാളം. ഫാനും എ സി യും ഇല്ലെങ്കില്‍ പണ്ടൊക്കെ പ്രയസമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള പരിചയം കുറഞ്ഞു പോയിരിക്കുന്നു. കൂടാതെ കേരളത്തില്‍ ചൂട്‌ പതിവിലും കൂടി യിരിക്കുന്നു. അപ്പൊ പിന്നെ എത്ര കാശ് ചിലവായാലും വേണ്ടില്ല, കറന്‍റ് കിട്ടാന്‍ എന്ത് കുന്ത്രാണ്ടവും പിടിപ്പിക്കാന്‍ കാശുള്ളവര്‍ക്ക് മടിയില്ലാതെ ആയി.

ഈയൊരു അന്തരീക്ഷമാണ് സോളാര്‍ പാനല്‍ തട്ടിപ്പിന് വഴിയൊരുക്കിയത് എന്ന് വേണമെങ്കില്‍ കരുതാം. പല പല ചെറു കമ്പനികള്‍ വന്ന കൂട്ടത്തില്‍ നമ്മുടെ മേല്പറഞ്ഞ  തട്ടിപ്പുകാരും ഒരു സോളാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു.

കമ്പനിയ്ക്ക് ആധികാരിതയും വിശ്വാസ്യതയും കൂട്ടാന്‍ സിനിമാ താരങ്ങളെയും മന്ത്രിമാരെയും കൂട്ട് പിടിക്കാതെ തരമില്ലല്ലോ. കാശ് ബാങ്കുകളില്‍ കൂടി കിടന്ന പല വല്യപ്പന്മാരും അമ്മച്ചിമാരും ഒക്കെ ഒരു മടിയും കൂടാതെ ലക്ഷങ്ങള്‍ കൊടുത്ത് കമ്പനിയുടെ സോളാര്‍ യന്ത്രങ്ങള്‍ ബുക്ക്‌ ചെയ്തു കാണണം. അങ്ങനെ കുറെപ്പേരുടെ പണം കമ്പനി നടത്തിപ്പുകാര്‍ മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു എന്ന് വേണം കരുതാന്‍. അപ്പോള്‍ പിന്നെ പറഞ്ഞ സമയത്ത് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയില്ലല്ലോ.

ഇതൊരു തട്ടിപ്പ്‌ ആണോ അതോ നല്ല ഉദ്ദേശത്തില്‍ ആരംഭിച്ച ഒരു ബിസിനസ് അകാലത്തില്‍ പൊട്ടി പോയതാണോ ?

നാട്ടുകാരുടെ പണം പറഞ്ഞ കാര്യത്തില്‍ നിന്നും മാറ്റി മറിച്ചത് ഏതായാലും നല്ല ഉദ്ദേശത്തില്‍ ആയിരിക്കില്ല. പിന്നെ പണം മുടക്കിയവര്‍ ഒന്നും തന്നെ പെട്ടെന്നൊന്നും പരാതിയുമായി പോകാന്‍ വഴിയില്ല എന്ന കാര്യം അവരെ നന്നായി മനസ്സിലാക്കിയ ഈ കമ്പനി നടത്തിപ്പുകാര്‍ക്ക് അറിയാമായിരുന്നു എന്നും കരുതാം. ആരെങ്കിലും പരാതിയുമായി പോയാല്‍ തന്നെ അവരെ സര്‍ക്കാര്‍ ബന്ധം പറഞ്ഞു വായടപ്പിക്കാം എന്ന ഒരു വിശ്വാസവും ഇവര്‍ക്ക് ഉണ്ടായിരുന്നു എന്ന് കരുതണം.

അധികാരത്തില്‍ ഇരിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ട ഒരു കാര്യമാണിത്. ബിസിനസ്കാര്‍ പ്രോത്സാഹിക്കപ്പെടുക തന്നെ വേണം. എന്നാല്‍ തട്ടിപ്പുകാര്‍ മുതലെടുക്കുകയും അരുത്.

വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണിത്‌. അതിനാണ് സര്‍ക്കാരിനു അതൊക്കെ ചെയ്യാനുള്ള ഉദ്യോഗസ്ഥ വൃന്ദമുള്ളത്. അത് കാര്യക്ഷമമായി ഉപയോഗിക്കാതെ തന്നെത്താന്‍ കൈകാര്യം ചെയ്യാന്‍ പോയാല്‍ ചിലപ്പോ ഇപ്പോള്‍ പറ്റിയ പോലെ ഒക്കെ ആയെന്നു വരും.

സംശയകരമായ പിന്‍കാല ചരിത്രമുള്ള ഒരു പുരുഷനും സ്ത്രീയും കൂടി വളരെ എളുപ്പത്തില്‍ ഇങ്ങനെ ഒക്കെ കേരളത്തില്‍ കാട്ടി കൂട്ടിയെന്നത് നാണക്കേട് അല്ലെങ്കില്‍ പിന്നെ എന്താണ്? നിറം മങ്ങാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ചില നേതാക്കളും കൂടി അതില്‍ നാറിപ്പോകുന്നത് കാണുമ്പോള്‍ ദുഖിക്കാതെ എന്തു ചെയ്യും ?  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ